പോതമേട്... (12/07/2023)
ഒറ്റയ്ക്കുള്ള എന്റെ യാത്രകളിലേയ്ക്ക് ഒന്ന് തിരിഞ്ഞ് നടക്കണം...!!
വല്ലാതെ നഷ്ടബോധം തോന്നുന്നു..!!
ഒരുമിച്ച് നടന്നിടങ്ങളിൽ തനിച്ചു നടക്കണം...!!
ഓർമ്മകൾ നുണഞ്ഞു കൊണ്ട് ഒറ്റയ്ക്ക് ഇരിക്കണം..!!
കൂടെ കൂട്ടിയ പ്രണയിനിയെ ചേർത്ത് പിടിക്കണം...!!
ഇടയ്ക്ക് ചുണ്ടോട് ചേർക്കണം..
മഴ നനഞ്ഞ ചുംബനം കൊടുക്കണം...!!
ചാറ്റൽ മഴയും മൂടൽ മഞ്ഞും കൊള്ളണം...!!
കാടിറങ്ങി വരുന്ന തണുത്ത കാറ്റ് മുഖത്ത് ഏറ്റു വാങ്ങണം..!!
പാറപ്പുറത്ത് കിടക്കണം...
ആകാശം നോക്കികൊണ്ട്...
കടന്ന് പോകുന്ന മേഖങ്ങളെ എണ്ണണം...!!
അവയിലെ പ്രണയ ചിഹ്നങ്ങൾ കണ്ട് പിടിക്കണം...
ഉണ്ടാവും...
നോക്കി തന്നെ കിടക്കണം...!!
വിധിയില്ലാത്ത സ്വപ്നങ്ങൾ കണ്ടതോർത്തു...
പങ്ക് വെച്ച നല്ല നിമിഷങ്ങൾ
ചിന്തിച്ചു കൊണ്ട്...
കൈ കോർത്തു നടന്ന വഴികളിൽ തനിയെ...!!
കുറച്ചു നേരം കൂടി അങ്ങനെ ഇരിക്കണം...
ഒരു കുട ചൂടികൊണ്ട്..
ഇറ്റ് വീഴുന്ന മഴത്തുള്ളികളെ കൈ വെള്ളയിൽ എടുക്കണം...
തണുപ്പ് അരിച്ചിറങ്ങുന്നത് അനുഭവിക്കണം...!!
ചാറ്റൽ മഴ കാഴ്ച മറക്കുവോളം അവിടെ കിടക്കണം...
മഴ കനക്കുവോളം..!!
പിന്നെ മുറിയിലേയ്ക്ക്..
പതിയെ...
പാതി ബോധവുമായി...!!
അവിടെ...
ബാൽക്കണിയുടെ ചില്ലു വാതിലുകൾ തുറന്നിടണം...
അതിലൂടെ കാറ്റ് മുറിയിൽ കടക്കട്ടെ....വിരികൾ മുഖത്ത് ഉമ്മവെച്ചു കളിക്കും..
പിടി തരാതെ വഴുതി പോകും...
ഞാൻ കണ്ട ചില സ്വപ്നങ്ങൾ പോലെ...!!
പുറത്ത് പാതി വഴിയിൽ ഉപേക്ഷിച്ച തണുപ്പ് അകത്ത് നിറയട്ടെ...!!
ആ ചാരു കസേരയിൽ കിടന്ന് കൊണ്ട് പുറത്തേയ്ക്ക് നോക്കണം...
ദൂരെയായി ചെറിയ വെളിച്ചം കാണാം...
പൊട്ടു പൊട്ടായി...
ജീവിതത്തിൽ ഇടയ്ക്ക് എപ്പോഴോ തെളിഞ്ഞൊരു കുഞ്ഞ് വെളിച്ചവുമായി അതിന് സാമ്യം തോന്നിയേക്കാം...!!
രാത്രി വൈകുമ്പോൾ അണഞ്ഞു പോകുന്ന ഒരു വെളിച്ചമായിരുന്നു അതും...!!
എന്നിട്ട്....
ചാരിയിരുന്നു ഉറങ്ങണം...!!
അത്...
ഒറ്റയ്ക്ക് കിടക്കയിൽ കിടക്കുന്നതിനേക്കാളും മനോഹരമാണ്...!!