മറുപടി (01/09/2021)


ഒരിക്കലും ഡിവോഴ്സ്നെ മഹത്തായ ഒരു കാര്യമായി അവതരിപ്പിക്കുക എന്നൊരു ലക്ഷ്യം എന്റെ പോസ്റ്റിന് ഇല്ലായിരുന്നു...!!
ഈ അടുത്ത കാലത്ത് ഉണ്ടായ ചില ആത്മഹത്യാ വാർത്തകൾ എടുക്കുകയാണെങ്കിൽ ഡിവോഴ്സ് ആയിരുന്നു ഭേദം എന്നത് ഒരു പരമാർത്ഥം തന്നെയാണ്..!!

എന്നിരുന്നാലും രണ്ട് കുഞ്ഞുങ്ങളുടെ അച്ഛൻ എന്ന നിലയ്ക്ക് ഞാൻ അനുഭവിക്കുന്ന പിരിമുറുക്കങ്ങൾ വലുത് തന്നെയാണ്. ആരും ആർക്കും പകരമാവില്ല എന്ന് ഞാൻ തിരിച്ചറിയുന്നു...
അമ്മയ്ക്ക് അമ്മ തന്നെ വേണം... അച്ഛൻ ഒരിക്കലും അമ്മയാവില്ല...!!

നഷ്ടങ്ങൾ എപ്പോഴും കുഞ്ഞുങ്ങൾക്ക് തന്നെ...!
അവരുടെ ചിന്തകളിലും ചിത്രങ്ങളിലും സങ്കടം തളം കെട്ടികിടക്കുന്നത് നേരിട്ട് കാണുന്നത് കൊണ്ട് പറയുന്നതാണ്...!!

അതിലുപരി, നമ്മുടെയൊക്കെ അമ്മമാർ ജീവിച്ചിരിക്കുന്ന ആ കാലഘട്ടമാണ് ജീവിതത്തിലെ ഏറ്റവും സുവർണ്ണ നിമിഷമെന്ന് ഓർക്കുക..!! എന്റെ അമ്മയില്ലായിരുന്നുവെങ്കിൽ എന്റെ കുഞ്ഞുങ്ങളെ ആര് സംരക്ഷിക്കുമായിരുന്നു..??

ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നായിരുന്നു എനിക്ക് ഡിവോഴ്സ്. പലതവണ അതൊഴിവാക്കാൻ ഞാൻ ശ്രമിച്ചിരുന്നു... എന്നെ നേരിട്ട് അറിയാവുന്നവർക്ക് അത്‌ വ്യക്തമായി തന്നെ അറിയാം..!!

കമ്മെന്റുകളിൽ ഒരാൾ മാത്രം എന്റെ മക്കൾ ഹാപ്പി അല്ലെന്നും എനിക്ക് വിവരം ഇല്ലെന്നും ഒക്കെ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. എന്നെ നേരിട്ട് അറിയാവുന്നവർ തന്നെ അതിന് മറുപടിയും കൊടുത്തിരിക്കുന്നു.. നന്ദി..!കുട്ടികൾ ഹാപ്പി ആവാൻ അച്ഛനും അമ്മയും ഒരുമിച്ചു വേണോ വേണ്ടയോ എന്ന് സ്ഥാപിക്കാൻ ഞാൻ ആളല്ല. എങ്കിലും എന്റെ മക്കൾക്ക് അവരുടെ അമ്മ കൂടെ ഇല്ലാത്തത് എനിക്ക് ഒരു വേദനതന്നെയാ. കൂടെ താമസിച്ചില്ലെങ്കിലും കൂടെ കൊണ്ടുപോയി ഒരു ദിവസം എങ്കിലും നിർത്തികൂടെ എന്ന് ഞാൻ ചിന്തിക്കുകയും ചോദിക്കുകയും ചെയ്തിട്ടുണ്ട്..!!
പിന്നെ ഇതൊക്കെ ആരെയും നിർബന്ധിച്ചു ചെയ്യിക്കാൻ പറ്റാത്ത കാര്യമായത് കൊണ്ട് ഞാൻ തോറ്റു...!!

കുഞ്ഞുങ്ങളുടെ അമ്മയോടൊപ്പം അവരെ ഞാൻ പുറത്ത് കൊണ്ട് പോകാറുണ്ട്.. ഒരുമിച്ചു പോയി ഭക്ഷണം കഴിക്കാറുണ്ട്...കുഞ്ഞുങ്ങൾക്ക് ഡ്രസ്സ്‌ എടുക്കാൻ ഷോപ്പിങ് നടത്താറുണ്ട്...ദൂരയാത്രകൾ പോകാറുണ്ട്...അവരുടെ അമ്മ ആവശ്യപ്പെട്ടപ്പോൾ ഒക്കെ ഞാൻ കുട്ടികളെ കൊണ്ട് പോയി കാണിക്കാറുമുണ്ട്..!
ഒരുമിച്ചു താമസിച്ചിട്ടുണ്ട് അന്യരെ പോലെ... ഒരു മുറിയിൽ...!!
ഞാൻ കണ്ടൊരു പ്രശ്നം ഇത്രമാത്രം...
എല്ലാം കഴിഞ്ഞു അമ്മ പോയി കഴിയുമ്പോൾ എന്റെ മോള് തകർന്നു പോകും... പോകല്ലേ മമ്മി എന്ന് പറഞ്ഞു കരയാറുണ്ട്... പോവല്ലേ എന്ന് പറയാൻ യോഗ്യത ഇല്ലാത്തത് കൊണ്ട് ഞാൻ നിശബ്ദത പാലിക്കും...!!

ഓരേ കാറിൽ ഡിവോഴ്സ് ഹിയറിങ്ങിനു പോകാറുള്ളപ്പോൾ അവിടെയും വക്കീൽ ചോദിക്കാറുണ്ട് എന്നാൽ പിന്നെ എന്നും ഇങ്ങനെ തന്നെ പോയാൽ പോരേ, പിരിയാതെ ജീവിച്ചുകൂടെ എന്ന്...!!
ഒരുമിച്ചു ജീവിക്കുന്നത് മാത്രം ആണ് പ്രശ്നം എന്ന് തിരിച്ചറിഞ്ഞ ആളോട് ഞാൻ എന്ത് പറയാൻ...!!
അകന്ന് ഇരിക്കുമ്പോൾ ഹാപ്പി ആണെങ്കിൽ ആയിക്കോട്ടെ...
പരാതിയില്ല..!!
എന്നിരുന്നാലും  ഡിവോഴ്സ് ദിനങ്ങളിൽ ഓരേ കാറിൽ പോകുകയും ഒരുമിച്ചു ഭക്ഷണം കഴിക്കുകയും കോടതി വളപ്പിൽ തമാശകൾ പറഞ്ഞു ചിരിച്ചതും ഞങ്ങൾ മാത്രമാവാം...ഒരുപക്ഷേ...!!

ഒരിക്കലും മറ്റൊരാളെ ജീവിതത്തിൽ കൂടെ കൂട്ടാൻ വേണ്ടി ഒന്നും പ്ലാൻ ചെയ്തിട്ടില്ലായിരുന്നു ..അതിന് വേണ്ടി ഡിവോഴ്സ് ചെയ്ത ഒരാൾ ആയിരുന്നില്ല ഞാൻ... ഇപ്പോൾ ആഗ്രഹം ഉണ്ടെങ്കിലും...!

കാരണം....ഇടയ്ക്ക്  ഒരുപാട് സങ്കടം തോന്നും...ചില രാത്രികളിൽ ഒറ്റയ്ക്ക് കിടന്നു കരയാറുണ്ട്...
എന്തുകൊണ്ട് എന്റെ ജീവിതം ഇങ്ങനെയോക്കെ ആയി തീർന്നു എന്നോർത്ത്..!
അവസാനം ഞാൻ ഉറപ്പിക്കും...
എന്റെ മാത്രം കുഴപ്പമായിരിക്കും... എന്റെ  മാത്രം കുറ്റം...!!

ഒന്ന് മടിയിൽ കിടക്കാനും... കെട്ടിപിടിച്ചു ഉറങ്ങാനും ഞാനും ആഗ്രഹിക്കാറുണ്ട്...
സുഖമുള്ള കുറെ ഓർമ്മകൾ ഉണ്ട്.. അതുപോലെയോ അതിൽ കൂടുതലോ കുറെ സുഖമുള്ള ഓർമ്മകൾ ഇനിയും എനിക്ക് പുനഃസൃഷ്ടിക്കണം...പുതിയൊരു പങ്കാളിയുമായി...!!
ഒരുമിച്ചുള്ള യാത്രകളും... ഇണക്കങ്ങളും പിണക്കങ്ങളും... എല്ലാം..!!

എന്റെ ട്രീറ്റ്മെന്റ്, check up ഇവയൊക്കെ ഇങ്ങനെ പാതി വഴിയിൽ ആയിപോയത് ഞാൻ തനിച്ചായത് കൊണ്ടാണ്...!!
കൂടെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ..നിർബന്ധിച്ചെങ്കിലും എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമായിരുന്നു...
തിരക്കിട്ട് യാത്രകൾ ചെയ്തു കൊതി മാറ്റാതെ ഞാൻ ജീവിച്ചേനെ...
പതിയെ...
തിടുക്കമില്ലാതെ...
നഷ്ടബോധമില്ലാതെ...!!

പറയാൻ ആഗ്രഹിച്ചത് ഇത്ര മാത്രം...

ഡിവോഴ്സ് രണ്ട് പേരെ സ്വതന്ത്രരാക്കും...!!
വാശിയും ഇഷ്ടങ്ങളും ജയിക്കും...!!

തോൽക്കുന്നത്...
കുഞ്ഞുങ്ങൾ...!!
നഷ്ടപെടുന്നതും...
കുഞ്ഞുങ്ങൾക്ക് മാത്രം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)