ഔദാര്യങ്ങൾ (17/06/2021)
ആരുടെയൊക്കെയോ പ്രാർത്ഥനകളുടെ ഫലമായി ജന്മമെടുക്കുന്ന നമ്മൾ...!!
ഭിക്ഷയായി കിട്ടിയ സ്നേഹം...
യാചിച്ചു നേടിയ തലോടൽ..
മനസില്ലമനസോടെ നൽകിയ
ബഹുമാനം...
അങ്ങനെ എല്ലായിടത്തും ഒരു അധികപറ്റായി മാറിയ ഒരു ജീവിതം...!!
ഓർക്കുമ്പോൾ വെറുപ്പ് തോന്നാറുണ്ട്... ഇത്രയുംനാൾ പകർന്നാടിയ വേഷങ്ങളോട്...
മുഖത്തെ വേദനകൾ മായിക്കാൻ ചാർത്തിയ കോലങ്ങളോട് ...
അറപ്പ് തോന്നിയിട്ടുണ്ട്... അഴിച്ചു വെച്ച ചില വസ്ത്രങ്ങളോട്.. ചതിയുടെ മുഷിപ്പുള്ള ആ ഗന്ധത്തിനോട്...!!
എന്തിനെന്നോ, എവിടേയ്ക്കെന്നോ അറിയാതെ
ഓരോ ദിവസവും കോലം കെട്ടാറുണ്ട്... പലരുടെയും വാക്കുകൾ കേട്ട് പകർന്നടാറുണ്ട്... ചിലപ്പോൾ കത്തി കയറാറുണ്ട്...!!
എന്തിനെന്നു ഓർക്കാറില്ല... അറിയാറില്ല..
ആരും ചോദിക്കാറില്ല...!!
എവിടെയും തോറ്റത് മാത്രം എഴുതി വെച്ചിട്ടുണ്ട്...
വീണത് മാത്രം ഓർമ്മയിൽ ഉണ്ട്..
മുറിവുകൾ മാത്രം ഉണങ്ങാതെയുണ്ട്...!!
കാണുന്നതെല്ലാം നിറമുള്ള സ്വപ്നങ്ങൾ... ഉറക്കമുണരുമ്പോൾ അവ പേക്കിനാക്കൾ... ദുസ്വപ്നങ്ങൾ..!!
ഇറുകെ അടച്ചാലും അടയാത്ത കണ്ണുകൾ..
പൊത്തിയടച്ചാലും അടയാത്ത കാതുകൾ...!!
ഉണങ്ങാൻ അനുവാദമില്ലാത്ത മുറിവുകൾ..
ഓർമ്മകളുടെ ക്ഷതങ്ങൾ മാറിയെങ്കിലും,
പോറൽ പോലെ കടന്നെത്തിയ ചില ആഗ്രഹങ്ങൾ...
ഒരിക്കലും സ്വന്തമാകില്ല എന്നറിഞ്ഞിട്ടും കാത്തിരിക്കുന്ന തോന്നലുകൾ...
ഭ്രാന്തമായ ചിന്തകളാ... മനസ്സ് നിറയെ..
സ്വപ്നം കാണാൻ ഭയമാകുന്നു...
പേടിച്ചിട്ടല്ല...വിധിച്ചിട്ടില്ല എന്ന തിരിച്ചറിവുകൾ കൊണ്ട് മാത്രം..നിർത്തുന്നു...
ആഗ്രഹങ്ങളെ..!!