കാത്തിരിപ്പുകൾ (22/05/2021)

ഓർമ്മ വെച്ച നാൾ മുതൽ ഒരുപാട് കാത്തിരിപ്പുകൾ കടന്ന് പോയിട്ടുണ്ട്... പത്താം ക്ലാസ്സ്‌ റിസൾട്ട്‌ മുതൽ കോളേജ്  റിസൾട്ടുകൾ വരെ.
സംയമനത്തോടെ കാത്തിരുന്നവയല്ലായിരുന്നു അവയൊന്നും.. കാരണം പഠിക്കാൻ മിടുക്കൻ അല്ലാതിരുന്നത് കൊണ്ട്..!!
എങ്ങനെയൊക്കെയോ എല്ലാം  കടന്നുപോയി എന്ന് മാത്രം..!

ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭയവും ആകാംക്ഷയും തളം കെട്ടിയ കാത്തിരിപ്പ് അനുഭവിച്ചത് 2020 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ അഞ്ച് വരെ ആയിരുന്നു... Biopsy റിസൾട്ട്‌ ന് വേണ്ടിയുള്ള കാത്തിരിപ്പ്.
ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ എല്ലാം പതിവ് പോലെയായി.
കാത്തിരിപ്പിന് ഒരു തീരുമാനം ആയല്ലോ...!! പിന്നെ 
ഒരുപാട് വായിച്ചു..ക്യാൻസർ ബാധിതരുടെ അനുഭവങ്ങൾ..
സങ്കടങ്ങൾ... ചിന്തകൾ.. തീരുമാനങ്ങൾ.. എല്ലാം..!!

ഇന്ന് ഒന്നിനെയും ഭയക്കുന്നില്ല..
അവസാനം എന്താണെന്ന് ഊഹിച്ചു തുടങ്ങി..
എന്നെയും കൊണ്ടേ ഇത് പോകൂ എന്ന് അറിയാം..
പരാതിയില്ല... സങ്കടങ്ങളും..
ഈ lock down തുടങ്ങുന്നത് വരെ ജീവിതം ഓരോ ദിവസവും ഒരുപാട് ആഘോഷിച്ചു...
യാത്രകളും.. ബിയർ പാർലറുകളും പബും നൈറ്റ്‌ ഡ്രൈവുകളും എല്ലാം..
ഇനിയും അങ്ങനെയൊക്കെ തന്നെ... പരിധിയില്ലാത്ത കുറച്ച് ആഘോഷങ്ങൾ...
നാളെകൾ എന്റെതല്ല എന്ന് നല്ലപോലെ അറിയാം...
ഇന്നിൽ ജീവിച്ചു മരിക്കാനാണ് ഇഷ്ട്ടം...!!

കാത്തിരിപ്പിന് ഇനി അർത്ഥമില്ല... കാത്തിരിക്കാനും ആരുമില്ല... ഇനി ഒരു ജീവിതമോ, കണ്ടെത്തല്ലോ ആഗ്രഹിക്കുന്നില്ല..
തിരിച്ചു വരവും...!!
ഒരാൾക്ക് കൂടി ബാധ്യത ആവാൻ മനസില്ല... എന്തിനാ ഇനിയും ഒരു വെറുപ്പ് കൂടി...?
ഒരു ഭാരമായി തോന്നിയപ്പോൾ തന്നെ ഉപേക്ഷിച്ചു പോയത് കൊണ്ട് കൂടുതൽ സങ്കടമില്ലല്ലോ..!
ഇനി ആർക്കും ഒരു നോവായി അവശേഷിക്കാൻ താല്പര്യമില്ല.
ഹോസ്പിറ്റലുകൾ കയറി ഇറങ്ങി ഒടുങ്ങേണ്ട ഒരു ചെറിയ ജീവിതം. അതിനിടയ്ക്ക് ജീവിക്കണം... ആഘോഷിക്കണം.. ആസ്വദിക്കണം... എല്ലാം..
മടുപ്പുകൾ ഇല്ലാതെ...

വീട്ടുകാർക്ക് ഒരു ബാധ്യതയായി ഒരു കിടക്കയിൽ ഒതുങ്ങേണ്ട സമയം ദൂരെയല്ല എന്നറിയാം..
തിരിച്ചു കൊടുക്കാൻ ദുരിതം മാത്രമേ എന്റെ കൈയിൽ ഉള്ളു..
ജന്മം തന്നതിനും വളർത്തിയതിനും... കുറെ ചീത്തപ്പേര്..മാനഹാനി..! ഇനിയിപ്പോൾ ബാധ്യതയായി രണ്ട് കുഞ്ഞുങ്ങളും.. അമ്മ ഉപേക്ഷിച്ച രണ്ട് കുഞ്ഞുങ്ങൾ ..!!

ഈ കാത്തിരിപ്പിന് ഒരു സുഖം കുറവാണ്...
ക്ലൈമാക്സ്‌ മനസിലാക്കിയ ഒരു സിനിമ പോലെ വികലമാണ്.. വിരസമാണ്..!
എങ്കിലും കാത്തിരുന്നല്ലോ പറ്റൂ..!
അനുഭവിക്കേണ്ടി തന്നെയിരിക്കുന്നു..
ഒടുങ്ങുന്നത് വരെ... ഒരു കട്ടിലിൽ... ഒരു മുറിയിൽ..
അവസാനം ഒരു പെട്ടിയിൽ...!!
അതുവരെയുള്ള രസമില്ലാത്ത കാത്തിരിപ്പ്..!!

അടുത്ത ഒരു കാത്തിരിപ്പിന് സമയമായി... രണ്ടാമത്തെ cystoscopy.. പിന്നെ CT scan...
 കുറെയേറെ ടെസ്റ്റുകളും..
ഒറ്റയ്ക്ക് ചെന്നാൽ ചെയ്യില്ല എന്ന് പറയുന്നവ...
കൂടെ ആര്...!!
ഞാൻ തന്നെ എനിക്ക് ബാധ്യത..!
അപ്പൊ പിന്നെ ആര് കൂടെ..??

എല്ലാം കാത്തിരിപ്പ്..
ക്ലൈമാക്സ്‌ നേരെത്തെ തന്നെ മനസിലാക്കി കളഞ്ഞ ഒരു സിനിമ...
മടുപ്പുള്ള കാത്തിരിപ്പ്..
കാത്തിരിപ്പ്..
ആരും ഉണ്ടാവില്ല എന്ന്
അറിഞ്ഞുകൊണ്ടുള്ള കാത്തിരിപ്പ്...!!
വെറും കാത്തിരിപ്പ്...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)