വീണ്ടും... (30/04/2021)
ഇന്ന് 2021 ഏപ്രിൽ 30
ഭയപ്പെട്ടത് തന്നെ സംഭവിച്ചു...
ജീവിതത്തിൽ ഞാൻ നടത്തിയ ഒളിച്ചു കളി പിടിക്കപ്പെട്ടിരിക്കുന്നു...! കളി പൂർത്തിയാക്കാൻ പറ്റില്ലെന്ന് അറിയാമായിരുന്നു എങ്കിലും
Half time ഞാൻ ചോദിച്ചിരുന്നു.. എന്നെ തേടി വരുമെന്ന് ഉറപ്പായിരുന്നു ..കാത്തിരിക്കുകയായിരുന്നു.. പക്ഷേ ഇത്ര പെട്ടന്നു വരുമെന്ന് കരുതിയില്ല..!!
എന്നെ തന്നെ... എന്തിന് വീണ്ടും
എന്ന് ചോദിക്കാറുണ്ട്.. അപ്പോഴൊക്കെ കേൾക്കുന്ന മറുപടി... ദൈവത്തിന് ഇഷ്ടപ്പെട്ടവർക്ക് പുള്ളിക്കാരൻ ഇടയ്ക്കിടെ പണി കൊടുക്കുമെന്ന്...!!
വല്ലാത്തൊരു ഇഷ്ട്ടം തന്നെ...!!
പള്ളിയുമായും ദൈവവുമായും അധികം ബന്ധമില്ലാത്ത എന്നെ ഇങ്ങനെ സ്നേഹിക്കാമോ എന്നോർത്ത് ചിരിക്കാറുണ്ട്...
അവസാനം പ്രീയപെട്ടവരുടെ വാക്ക് കേട്ട് ഞാനും ഒരു ബന്ധം തുടങ്ങി... ഒൻപത് ആഴ്ച മുടങ്ങാതെ തുടർന്ന ബന്ധം..!!
അവസാനം പ്രതീക്ഷിച്ചത് പോലെ പുള്ളിക്കാരൻ എന്നെ വിട്ടു.. വേറെ ആരെയോ സ്നേഹിക്കാൻ പോയി..
സ്നേഹം കൂടുമ്പോൾ ആണല്ലോ പണി കൊടുക്കാറ്..!!
അങ്ങനെ ഞാൻ safe സോണിൽ ആയി.. നന്ദി..!!
ജനുവരിയിൽ ബെഡ് റസ്റ്റ് തീർന്നതിനു ശേഷം യാത്രകൾ ആയിരുന്നു.. ചെറുതും വലുതുമായ യാത്രകൾ...കൊച്ച് കൊച്ച് സന്തോഷങ്ങൾ, ആഗ്രഹങ്ങൾ എല്ലാം പൂർത്തിയാക്കി തുടങ്ങി...മക്കളുമായി മഞ്ഞിൽ കളിക്കണം എന്ന വലിയ ആഗ്രഹവുമായി ഡോക്ടറെ പോയി കണ്ടു..പക്ഷേ ശ്വാസം മുട്ടൽ ഉള്ളത് കൊണ്ട് മോനെ കൂടുതൽ തണുപ്പിൽ കൊണ്ടുപോകുന്നത് safe അല്ല എന്നറിഞ്ഞപ്പോൾ ആ യാത്ര ഉപേക്ഷിക്കേണ്ടി വന്നു.. ഒരുപാട് സങ്കടത്തോടെ ... മിക്കവാറും ഒരിക്കലും ഇനി നടക്കാൻ സാധ്യത ഇല്ലാത്ത ഒരു യാത്ര!!
...ഗതി കിട്ടാതെ അലയും എന്റെ ആത്മാവ്... അത്രയ്ക്ക് ഉണ്ട് ഇനിയും ആഗ്രഹങ്ങൾ.. എല്ലാം കുഞ്ഞുങ്ങളുടെ ഒപ്പം.. അവർക്ക് വേണ്ടിയുള്ളവ മാത്രം ...!! മക്കൾക്ക് വേണ്ടി എന്നെ ബാക്കി വെച്ചു എന്ന് ഒരുപാട് ചങ്കുറപ്പോടെ പറഞ്ഞിരുന്നു.. എല്ലാരോടും.. ഭയമില്ലായിരുന്നു.. രോഗത്തെ..മരണത്തെ.. വേദനയെ..സങ്കടം കുഞ്ഞുങ്ങളെ ഓർത്ത് മാത്രം.. അവർക്ക് അച്ഛനും അമ്മയും ഉണ്ടാവില്ലല്ലോ എന്നുള്ള ദുഃഖം മാത്രം.
ഒന്നിനും ധൈര്യമില്ല.. ആരോടും ഒന്നും പറയുന്നില്ല...
ഇതും കടന്ന് പോകും എന്ന് കരുതുന്നു..!
ആരെയും ബുദ്ധിമുട്ടിക്കാൻ തോന്നുന്നില്ല... ആർക്കും ഒരു ബാധ്യത ആവൻ മനസ് സമ്മതിക്കുന്നില്ല..
ഒന്നുംവേണ്ട... ഇനിയും ഒറ്റപ്പെടൽ വയ്യ .. ആരുടേയും സഹതാപവും വേണ്ട..!
ഉപേക്ഷിച്ചു പോയവർക്കും കൂടെ നിന്നവർക്കും ഇനി ഒരു ഓർമ്മയായി അവശേഷിച്ചാൽ മതി... കുറച്ച് നാൾ എങ്കിലും...!!
കൂടുതൽ ഒന്നും ആരും അറിയണ്ട... അറിഞ്ഞാലും ഞാൻ പ്രതികരിക്കില്ല.. കൂടെ നിന്ന് കൊടുക്കില്ല.. എന്റെ ആഗ്രഹങ്ങൾ പൂവണിയട്ടെ... എന്നിട്ട് ആലോചിക്കാം..
ആർക്കും ഒന്നും വാക്ക് കൊടുക്കുന്നില്ല... കൈ പിടിച്ചു ഒപ്പം നടക്കും എന്ന് ഉറപ്പില്ലാത്തത് കൊണ്ട് മാത്രം..
ഇഷ്ടമില്ലാഞ്ഞിട്ട് അല്ല കേട്ടോ...
ഒരുപാട് ഇഷ്ടമാണ്.. ഈ കുറച്ച് നാളുകൾ കൊണ്ട് തന്ന കരുതലിന്... സ്നേഹത്തിന്.. അത് പ്രണയമാണോ.. ഇഷ്ടമാണോ എന്നൊന്നും ആലോചിക്കാറില്ല..
നഷ്ടബോധമുണ്ട്.. കൂടെ ഇരിക്കാൻ പറ്റാത്തത് കൊണ്ട് ഒരുപാട് വിഷമമുണ്ട്..ഒന്ന് കാണാൻ സാധിക്കാത്തത് കൊണ്ട്.. അടുത്തിരിക്കാൻ കൊതിയാണ്...
ആ കൈ ഒന്നു പിടിക്കാൻ...
കെട്ടിപിടിച്ചു ഒന്ന് കിടക്കാൻ..
പതിയെ കരയാൻ...
ഒന്ന് ഉറങ്ങാൻ.. അവസാനമായി..!!