ദൈവം ബാക്കി വെച്ചപ്പോൾ.. (18/04/2021)

2020 ഒക്ടോബർ അഞ്ചിനു biopsy റിസൾട്ട്‌ കിട്ടുന്നത് വരെ ഞാൻ ഒരു ശരാശരി മലയാളി ആയിരുന്നു..
നല്ലപോലെ ബീഫും ബിയറും കഴിക്കുന്നത് കൊണ്ട് പ്രതീക്ഷിച്ചിരുന്നത് കൊളസ്ട്രോൾ ആയിരുന്നു.. അവസാനം വല്ല അറ്റാക്കിലും തീരും എന്നും ഉറപ്പിച്ചിരുന്നു...!!

മനുഷ്യന്റെ കണക്ക് കൂട്ടലുകളെ തെറ്റിക്കുന്ന ഒരു കാര്യത്തിൽ ദൈവത്തിന് നല്ല ത്രിൽ ആണെന്ന് തോന്നറുണ്ട്...!!
എന്നെയും ഞെട്ടിച്ചു.. ക്യാൻസർ ആണ് പോലും..!!

ഒരു മയം ഒക്കെ വേണ്ടെടാ ഊവേ.. എന്ന് പറയുന്നത് പോലെ.. ഇത്തിരി ഡോസ് കുറക്കാമായിരുന്നു എന്ന് അന്ന് ചിന്തിച്ചു..! പിന്നീട് കാലം മുന്നോട്ട് പോയി... ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി മാറിയപ്പോൾ എന്റെ സങ്കടങ്ങളും മാറി...!!

അതിശയോക്തി ആണോ അഹങ്കാരം ആണോ എന്നറിയില്ല.. ഒരു കാര്യം ഉറപ്പാണ്... എന്റെ രോഗം എന്നെ ഒരിക്കലും നിരാശനാക്കിയില്ല.. ഭയപ്പെടുത്തിയില്ല...!!
എന്നാൽ ആ സമയത്ത് ഞാൻ കടന്ന് പോയ ഒറ്റപ്പെടൽ ഭയാനകമായിരുന്നു.. അതിന്റെ വേദനകൾ അത്രമേൽ ഭീകരം ആയിരുന്നു..!

കൂടെ ഉണ്ടാകേണ്ടവർ നേരെത്തെ ഉപേക്ഷിച്ചു പോയെങ്കിലും ഞാൻ അപേക്ഷിച്ചിരുന്നു... രോഗം മാറുന്നത് വരെയെങ്കിലും ഒരാശ്വാസമായി കൂടെ ഉണ്ടാവണേയെന്ന്..!
നിലയ്ക്കാതെ കരഞ്ഞു കൊണ്ടിരിക്കുന്ന ആ ഫോൺ തന്നെ എനിക്ക് ഉത്തരം തന്നു..!!
പറ്റില്ല.. കടപ്പാടുകൾ വേറെ ഏറ്റെടുത്തു പോയി.. തിരിച്ചു ചെല്ലാം എന്ന് വാക്ക് കൊടുത്തു പോയി..!!

എനിക്ക് പുറകെ, വേണ്ടപ്പെട്ടവർ പലരും എതിർത്തിട്ടും ഇറങ്ങി പോയിട്ടുണ്ടെങ്കിൽ ആ ഇഷ്ട്ടം അത്രമേൽ വേണ്ടപ്പെട്ടത് ആയത് കൊണ്ടാകുമല്ലോ..!!

പിന്നീട് അങ്ങോട്ട് ഭയമായിരുന്നു.. മക്കൾക്ക് ആരും ഇല്ലാതാവുമോ ..അച്ഛനെ നഷ്ടപെടുമ്പോൾ അമ്മയെയും , അമ്മയെ നഷ്ടപെടുമ്പോൾ അച്ഛനെയും ബാക്കി വെയ്ക്കാനുള്ള മനസ് ദൈവം കാണിക്കാറുണ്ടല്ലോ.. ഇവിടെ എന്റെ മക്കൾക്ക് അമ്മ നേരെത്തെ നഷ്ടമായിരുന്നു.. ഒരു തരത്തിൽ പറഞ്ഞാൽ നാല് വർഷമായിട്ട് അവർക്ക് അമ്മയില്ല എന്ന് തന്നെ പറയാം.. മക്കളെക്കൾ വേണ്ടപ്പെട്ടവർ വേറെ ആവുമ്പോൾ മക്കൾ തീർച്ചയായും ഒരു രണ്ടാം ഘടകമാവുമല്ലോ..!!  ഈ അസുഖം എന്നെയും കൊണ്ടുപോകുമെന്ന് ചില ഡോക്ടർസ് പറയാതെ പറയുകയും കീമോയെന്നും റേഡിയേഷൻ എന്നുമൊക്കെ പറഞ്ഞ് പേടിപ്പിച്ചപ്പോൾ ഞാനും ഭയപ്പെട്ട് തുടങ്ങിയിരുന്നു..!!

അവിടെയും ഒരു ദൈവ ദൂതനെപ്പോലെ എന്നെ തേടി വരികയും ഇംഗ്ലണ്ടിലും അമേരിക്കയിലും ഉള്ള ഓൺക്കോളജിസ്റ്റുകൾക്ക് എന്റെ biopsy റിപ്പോർട്ടുകളും മറ്റും അയച്ചു കൊടുത്ത് എന്റെ മനസിന്‌ ശക്തിയും ആഗ്രഹങ്ങളും നൽകി ഇതിനെ എനിക്ക് നേരിടാൻ സാധിക്കും എന്ന് പഠിപ്പിച്ച ഒരു പുതിയ സുഹൃത്ത് ഉണ്ട്...!

എന്നും മറഞ്ഞിരിക്കുവാൻ ആഗ്രഹിക്കുന്ന... ഒരുപാട് നന്മകൾ ഉള്ള ഒരു സുഹൃത്ത്..! ഒരു മുതിർന്ന ചേച്ചി എന്ന് പറഞ്ഞാൽ ഒരുപക്ഷേ കിളവിയാക്കി എന്ന് പറഞ്ഞ് എന്നെ തെറി വിളിച്ചേക്കാം..!
ചിലരുടെ വാക്കുകൾക്കും കരുതലിനും ഒരു തലോടലിന്റെ സ്നേഹമുണ്ടെന്നു അറിഞ്ഞ ഒരുപാട് നിമിഷങ്ങൾ എനിക്ക് സമ്മാനിച്ചു..എല്ലാ അർത്ഥത്തിലും എന്നെ സഹായിച്ചു.. കൂടെ നിന്നു..!
ഒരുപക്ഷേ ആ ഒരാൾ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ  എല്ലാം കൊണ്ടും ഒരു രോഗിയായി അവശേഷിക്കുമായിരുന്നു.. ചിലർക്ക് രക്ഷപെട്ടത് നന്നായി എന്ന് തോന്നിയേനെ...!!

ഇന്ന് എനിക്ക് മനസിലായി.. എന്നെ ദൈവം ബാക്കി വെച്ചതാണ്... മാറ്റി നിർത്തിയതാണ്... എന്റെ മക്കൾക്ക് വേണ്ടി.. അവർക്ക് അമ്മയില്ലാത്തത് കൊണ്ട്..!

ചില സന്ദേശങ്ങളിലൂടെ സുഹൃത്തുകൾ പറയാറുണ്ട്.. നീ നല്ലൊരു അച്ഛനാണ്.. ആ കുഞ്ഞുങ്ങളെ പൊന്നു പോലെ നോക്കുന്നുണ്ട്.. അവരുടെ കൂടെ എല്ലാത്തിനും ഉണ്ട്.. അവരെ എല്ലായിടത്തും കൊണ്ട് പോകാറുണ്ട്... എനിക്ക് അങ്ങനെ ചെയ്യാൻ സാധിക്കുന്നില്ലല്ലോ .. എന്നൊക്കെ..!! അതിനുള്ള മറുപടി.. ഞാൻ ഒരു single parent ആണ്... രണ്ട് റോളുകൾ അഭിനയിക്കേണ്ടി വരുന്നത് കൊണ്ട് ഒരുപാട് ശ്രദ്ധിക്കാറുണ്ട്... പരാജയപ്പെടാതിരിക്കാൻ... അമ്മയായും അച്ഛനായും ജീവിക്കാറുണ്ട്... പലപ്പോഴും...

ദൈവം ബാക്കി വെച്ചപ്പോൾ എനിക്ക് ലഭിച്ച extra time..!!
അത്‌ ഇനി അവശേഷിക്കുന്ന കളി തീരുന്നത് വരെ നല്ലപോലെ കളിച്ച് ഗ്രൗണ്ടിൽ പകുതി വരെയെങ്കിലും പന്ത് എത്തിക്കാനുള്ള ഒരു തരം വ്യാഗ്രതയാണ്....

ബാക്കി വച്ച സമയം കൊണ്ട് അടിക്കേണ്ട ഗോളുകൾക്ക് വേണ്ടിയുള്ള എളിയ ശ്രമം.. മുന്നേറ്റം..!!
പാതി വഴി വരെയെങ്കിലും...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)