ഉപേക്ഷിക്കപ്പെട്ട ഒരു ജന്മദിനം..!!
എന്റെ മെഹർ അഞ്ചാം വയസിലേയ്ക്ക്..
അമ്മ നഷ്ടപെട്ട ആദ്യ ജന്മദിനവും ..!
ഒരു കുഞ്ഞുടുപ്പോ, ഒരു പാവക്കുട്ടിയോ, പത്തു രൂപയുടെ ഒരു ചോക്ലേറ്റോ വാങ്ങി കൊടുക്കാൻ മനസ് കാട്ടാതെ പ്രസവിച്ചവൾ ഉപേക്ഷിച്ച ഒരു ജന്മദിനം. കൊച്ചി നഗരത്തിലെ ആഡംബര ജീവിതത്തിനു ആയിരങ്ങൾ ചിലവാക്കുന്നവൾ ജന്മം കൊടുത്തവൾക്ക് മുന്നിൽ അന്യയായി മാറിയ ഒരു ദിനം. മനസ്സിൽ ആദ്യമായി വെറുപ്പ് തോന്നിയ നിമിഷം...അറപ്പും..!!
ഉപേക്ഷിച്ചു പോയ അന്ന് മുതൽ ചെയുന്നത് പോലെ whatsup dp ആക്കാൻ വേണ്ടിയും സ്റ്റാറ്റസ് ഇടാൻ വേണ്ടിയും മാസങ്ങൾ കൂടുമ്പോൾ കുഞ്ഞിനെ കാണുക എന്ന ഒരു പതിവ് പല്ലവിയിൽ എല്ലാം തീർന്നു.
ആരൊക്കെ ഉപേക്ഷിച്ചു പോയാലും, എന്റെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ എന്നെ കൊണ്ടാവുന്നത് പോലെ ഞാനും ശ്രമിച്ചിരുന്നു.. അവൾ ആഗ്രഹിച്ചപോലെ ഒരു ആഘോഷം ഞാൻ ഒരുക്കി കൊടുത്തു... പരിമിതികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട്...വേണ്ടപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി കൊണ്ട് ഒരു ചെറിയ ആഘോഷം. ആഡംബരത്തിനു വേണ്ടിയല്ല ഉപേക്ഷിച്ചു പോയതിന്റെ കുറവ് അറിയിക്കാതിരിക്കാൻ...!!
അടുത്ത ജന്മദിനത്തിൽ എങ്കിലും അവൾക്ക് ഒരു പോറ്റമ്മ ഉണ്ടാവാൻ ഒരുപാട് ആഗ്രഹിക്കുന്നു ഞാൻ..
അമ്മയ്ക്ക് പകരമാവാൻ അച്ഛന് ആവില്ലെന്ന ബോധം നല്ലപോലെ ഉള്ളതിനാൽ...!!
ആരായാലും...ഉപേക്ഷിച്ചു പോയവരേക്കാൾ ഭംഗിയായി എന്റെ മക്കളെ സ്നേഹിക്കും എന്ന് നല്ല ഉറപ്പുള്ളത് കൊണ്ട് മാത്രം..!!
ഒരമ്മവേണം... എന്റെ കുഞ്ഞിനെ തലോടാൻ.. താരാട്ട് പാടാൻ.. ലാളിക്കാൻ.. കൊഞ്ചിക്കാൻ..അവളുടെ ബാല്യം അവസാനിക്കുന്നതിനു മുൻപ്,...അവൾക്ക് ഓർമ്മയിൽ പോലും ഇല്ലാത്ത വാത്സല്യം, നാല് വർഷം അനുഭവിക്കാത്ത മാതൃത്വം..സ്നേഹം..ഇവ മനസിലാക്കി കൊടുക്കാൻ...!!
എന്റെ ജീവിതത്തിൽ ഞാൻ ഒരു കളിയിലാണ്...
ഒരു ഒളിച്ചു കളി..ഇപ്പോൾ ജയിച്ചുനിൽക്കുന്ന ഞാൻ..!
പിടിക്കപ്പെടുമെന്ന് പൂർണമായും എനിക്കറിയാവുന്ന ഒരു കളി..!!
എങ്കിലും ഞാൻ അത് ആസ്വാദിക്കുന്നു..
തോറ്റുകൊടുക്കും ..തോറ്റു പോകേണ്ടി വരും എന്നറിയാം ..സമയമാവട്ടെ..
എന്റെ സ്വപ്നങ്ങൾ പാതി വഴി എത്തട്ടെ..!!
അതുവരെ ഞാനും എന്റെ മക്കളും വേറെ ഒരു കളി ജയിച്ചു കൊണ്ടിരിക്കുന്നു ...
നഷ്ടപെട്ടത്.. നമ്മുടേതല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുന്ന കളി..!
ഉപേക്ഷിക്കപ്പെട്ടത് നമ്മൾ അല്ല.. ചിലരുടെ ജീവിതവും.. സമാധാനവും, ഉറക്കവുമാണെന്ന് അവരുടെ ജീവിതം തന്നെ സാക്ഷ്യ പെടുത്തുന്ന കളി..!
സമ്പാദിക്കുന്ന പണം ഒരിക്കലും നഷ്ടപ്പെടുത്തുന്ന ജീവിതത്തിനു പകരമാവില്ല എന്ന് ചിലർ തിരിച്ചറിയുന്നത് വരെ.
ജയിച്ചു തുടങ്ങി... അല്ലെങ്കിൽ തുടക്കം മുതലേ എന്റെ മക്കൾ ജയിച്ചു എന്ന് പറയുന്നതാവും ശരി.! ഉപേക്ഷിച്ചു പോയവരെ അപ്പോൾ തന്നെ മനസുകൊണ്ട് ഉപേക്ഷിക്കുവാൻ എന്റെ മക്കൾ പഠിച്ചു എന്നറിഞ്ഞപ്പോൾ തന്നെ ജയിച്ച കളി..!!
കാരണം പോയവർ ഒരിക്കലും അവരെ സ്നേഹിച്ചിരുന്നില്ല എന്ന് അവർ മനസിലാക്കിയിരുന്നു..
പലപ്പോഴും കേൾക്കാറുള്ള ഒരു ചോദ്യം..
അമ്മയെ തിരക്കില്ലേ ഇവർ...?
അതിനുള്ള ഉത്തരം അവരുടെ മുഖത്തുള്ള സന്തോഷമാണ്...
ഒരിക്കൽ പോലും ഒന്ന് കാണണം എന്ന് അവർ വാശി പിടിച്ചിട്ടില്ല.. കാണിക്കുമോ എന്ന് ചോദിച്ചിട്ടില്ല..!! കാരണം കഴിഞ്ഞ നാല് വർഷം അവർ ഒരിക്കലും സ്നേഹിക്കപ്പെട്ടിട്ടില്ല.. ചില വൈകല്യം മനസ്സിൽ വലിയ സ്ഥാനം നേടിയപ്പോൾ മക്കളെ സ്നേഹിക്കാൻ മറന്ന് പോയത് കൊണ്ട്..!! ചിലർക്ക് ക്യാൻസർ മനസിനെ ബാധിക്കും എന്ന് മനസിലായി...പ്രസവിച്ച മക്കളെ കാൾ വലുതായി മറ്റൊരുവനെ കാണുന്നതും ഒരു അർബുദം തന്നെയാണ്!!
എന്റെ സഹയാത്രികർ ആയിരുന്നു അവർ എന്നും..
പലപ്പോഴും ഫോൺ വിളികൾക്കായി അവരെ വീട്ടിൽ നിന്ന് ഒഴിവാക്കി വിടുന്നതായിരുന്നു എന്ന് ഞാൻ മനസിലാക്കാൻ നാല് വർഷം എടുക്കേണ്ടി വന്നു..
ഇന്ന് അവരാണ് എന്റെ എല്ലാം .. യാത്രകളാണ് ഞങ്ങൾക്ക് എല്ലാം.. ശരിയാണ്.. ചില കാഴ്ചകൾ ഞങ്ങളെ മുറിവേൽപ്പിക്കാറുണ്ട്.. അമ്മയുടെയും അച്ഛന്റെയും വിരലിൽ തൂങ്ങി പോകുന്ന ചില ബല്യചിത്രങ്ങൾ...
അപ്പോഴൊക്കെ, എന്റെ മോൻ ആ രംഗം ഏറ്റെടുക്കാറുണ്ട്.. ഒരു കൈയിൽ അവനും മറുകൈയിൽ ഞാനും പിടിച്ചു കൊണ്ട് എന്റെ മകളെ നടുക്ക് നിർത്തി നടത്തി കൊണ്ടുപോകും ..!!തോറ്റ് കൊടുക്കാൻ മനസില്ലാത്തതു കൊണ്ട്..!!
ഏറെ അടുപ്പമുള്ള ചിലർ പറയാറുണ്ട്..
നിന്റെ മോന് ഭയങ്കര maturity ആണെന്ന്..
ശരിയാണ്.. നാല് വയസുള്ള ഒരു LKG കാരന്റെ മനസ് മുറിവേറ്റതാണ്... ഒരിക്കൽ..2017ൽ..!!
സ്കൂൾ വാനിൽ ഇരുന്ന് കരഞ്ഞതാണ്.. അമ്മ ഉപേക്ഷിച്ചു പോയി എന്ന് പറഞ്ഞ്...!!
ഇന്ന് ആ മുറിവ് അവനെ ആ തെറ്റിനെ അകറ്റി നിർത്താനും ദുസ്വപ്നതെ വെറുക്കാനും പ്രാപ്തമാക്കി.. നന്ദിയുണ്ട് ഒരുപാട്..!! ഉപേക്ഷിച്ചു പോയവളെ മനസ്സിൽ നിന്നും പറിച്ചു കളയാൻ കാലം അവനെ പഠിപ്പിച്ചു.
എന്റെ മക്കൾക്ക് അമ്മയില്ലാതെ പറ്റുമോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്... പലപ്പോഴും..! അതൊക്കെ വെറുതെയെന്ന് എന്റെ മക്കൾ ഇന്ന് തെളിയിച്ചിരിക്കുന്നു..!!
ചിലരൊക്കെ ജീവിതത്തിൽ ഇല്ലാത്തതാണ് നല്ലതെന്നു അനുഭവം...!! അടുപ്പമുള്ളവർ പറഞ്ഞത് പോലെ, ഇങ്ങനെയുള്ള ഒരമ്മ കൂടെ ഇല്ലാതിരിക്കുന്നതാണ് എന്റെ മകൾക്ക് ഏറ്റവും നല്ലതെന്ന്!!
ഒരിക്കലും തങ്ങളെ സ്നേഹിച്ചിരുന്നില്ല എന്ന് ആ കുഞ്ഞു മനസുകൾ നേരെത്തെ തന്നെ മനസിലാക്കിയിരുന്നത് ഉപേക്ഷിക്കപെടലിന്റെ വേദന ഇല്ലാതാക്കി...!!
ഇതിലും വലിയ ചതിയും ഉപേക്ഷിക്കലും ഭൂമിയിൽ ഇല്ലാത്തത് കൊണ്ടുതന്നെ...
ഞാൻ ഭയക്കുന്നില്ല.. ഇനി ആരെയും..!!
അതുകൊണ്ട് തന്നെ ഞങ്ങൾ ഒരു കാസ്റ്റിങ്ങ് നടത്തി കൊണ്ടിരിക്കുന്നു... ഒരു പുതിയ കുടുംബ ചിത്രത്തിന്റെ കാസ്റ്റിങ്ങ്
ഞങ്ങളുടെ കൂടെ കൂടുന്ന നാലാമത്തെ കഥാപാത്രത്തെ വെച്ച്, പടിയിറങ്ങി പോയ അതിഥി കഥാപത്രം ബാക്കിവെച്ച രംഗം
, നിരാശയും നിരാകരണവും പുറത്ത് കളഞ്ഞ് , സ്നേഹവും വിശ്വസ്ഥതയും കൂട്ടിച്ചേർത്ത, ശുഭപര്യവസായിയായ ഒരു കുടുംബ ചിത്രം അണിയറയിൽ നിർമിച്ചു കൊണ്ടിരിക്കുന്നു...
കാരണം...നഷ്ടപ്പെട്ടതിനെ ഓർത്ത് കരയാൻ സമയമില്ല...! അതിലുപരി കരയുവാനുള്ള മൂല്യം അതിന് ഉണ്ടെന്ന് ഇനി തോന്നുന്നില്ല..! പുതുമുഖങ്ങൾക്കും അവസരങ്ങൾ കൊണ്ടുക്കേണ്ടേ...?
നല്ലൊരു അമ്മയെ ഇനി വേണം എന്ന് എന്റെ മക്കൾ പറഞ്ഞു തുടങ്ങി... എനിക്കും തോന്നി തുടങ്ങി.
NB: നായികയെ ആവശ്യമുണ്ട് എന്ന് ഇനി പറയുന്നില്ല...
ശുഭം