25/3/2021 മകൻ..!
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി നഷ്ടപെട്ട എന്റെ ഉറക്കം തിരിച്ചു കിട്ടി തുടങ്ങി .. കൃത്യമായി പറഞ്ഞാൽ നാല് വർഷം മുൻപ് പടിയിറങ്ങിയ ഉറക്കം ഇപ്പൊൾ തിരികെ എത്തിയിരിക്കുന്നു.. കൂട്ടത്തിൽ പിണങ്ങി പോയ എന്റെ സന്തോഷവും...!!
പതിവ് പോലെ പത്തു മണിക്ക് ആണ് എണീറ്റത്.. വരാന്തയിൽ മോൻ ഒറ്റയ്ക്ക് ഇരുന്ന് പടം വരക്കുന്നു... ചായകുടിച്ചു കൊണ്ട് അവന്റെ അടുത്ത് പോയി ഇരുന്നു.
കാര്യമായ വരയിൽ ആണ് ആള്... നല്ലപോലെ വരക്കും.. അവന് കളിക്കാൻ ആവശ്യമായ ഏണിയും പാമ്പും, ലുഡോയും വരെ ആള് തനിയെ വരച്ചുണ്ടാക്കും..!!
എന്നെ കണ്ടപ്പോൾ വര നിർത്തി.. സംസാരിക്കാൻ തുടങ്ങി.. അവന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് ഞാൻ അടുത്തിരുന്നു.. എവിടെയോ എനിക്ക് സങ്കടം തോന്നി.. അവനും അത് ഉണ്ടെന്ന് മുഖം പറഞ്ഞു.
അവന്റെ മമ്മിയെ കുറിച്ച് ആള് കുറച്ച് കാര്യങ്ങൾ പറഞ്ഞു തുടങ്ങി... പലപ്പോഴും അവളെ കാണാൻ പോകുമ്പോളും അവന് ഒട്ടും താല്പര്യം ഇല്ലായിരുന്നു.. ഇന്നാണ് പലതും അവൻ പറയുന്നത്.. അവന്റെ കൊച്ച് മനസിൽ കിടന്നിരുന്ന വലിയ കാര്യങ്ങൾ.. കേട്ടപ്പോൾ മനസിലായി എന്ത് കൊണ്ടാണ് മമ്മിയെ കാണണ്ട എന്ന് ഇത്രയും നാൾ പറഞ്ഞതെന്ന്..!!
രണ്ട് വർഷത്തോളം അഴീക്കൽ ഉള്ള വാടക വീട്ടിൽ കഴിഞ്ഞിരുന്നു ഞങ്ങൾ.. ആ സമയം പൊതുവെ ഞങ്ങൾ സന്തോഷത്തിൽ ആയിരുന്നു.. ചെറിയ വീട്..ചുറ്റും സ്നേഹമുള്ള ഒരുപാട് നല്ല അയൽക്കാർ... കുട്ടികൾക്ക് കൂട്ടുകൂടാൻ അടുത്ത വീട്ടിലെ കുട്ടികൾ.. വൈകുന്നേരം ബീച്ചിൽ പോയി കാറ്റ് കൊണ്ടിരിക്കാം.. അങ്ങനെ കുറെ കൊച്ച് കൊച്ച് സന്തോഷങ്ങൾ..!!
പലപ്പോഴും ഞാനും പുറത്തായിരുന്നു.. ഷോപ്പിലെ കാര്യവും സ്കൂളിലെ ജോലിയും എല്ലാം കൂടി ഭംഗിയായി കൊണ്ടുപോയ്കൊണ്ടിരുന്നു.
പക്ഷേ ഞാൻ മനസിലാക്കാതിരുന്ന ഒരു ചതി അവിടെ നടക്കുന്നുണ്ടായിരുന്നു.. ആറു വയസു കാരനായ എന്റെ മോൻ പലപ്പോഴും കണ്ട് പിടിച്ച ഒരു ചതി.. അതിന് അവൻ കൊടുത്ത വില അവന്റെ മമ്മിയുടെ കൈയിൽ നിന്നുള്ള അടി.. തലയ്ക്കിട്ട് വരെ അവനെ അടിച്ചിരുന്നു പോലും..!! പിന്നെ ചോറ് ചോദിച്ചാൽ എടുത്തു കൊടുക്കാതെ രണ്ട് മണിക്കൂർ വരെ എന്റെ മക്കളെ പട്ടിണിക്കിരുതിയ ചതി..!
കുഞ്ഞായിരുന്ന എന്റെ മകളെ പോലും നോക്കാതെ, പുറത്ത് വിട്ടിട്ട്, വാതിൽ അടച്ചു അകത്തിരുന്നു ഫോൺ വിളി ആയിരുന്നു മണിക്കൂറോളം.. ആ സമയത്താണ് കുഞ്ഞുങ്ങൾക്ക് ഭക്ഷണം പോലും അവൾ നിഷേധിച്ചത്
...2018 മുതൽ...!
എന്തുകൊണ്ട് എന്റെ മകൻ അവളെ അത്ര വെറുക്കുന്നു എന്ന് മനസിലായി.. അവന്റെ ബാല്യം മുറിവേറ്റതാണ്... അമ്മ എന്ന സങ്കല്പം വികലമാണ്...
ഓരോ തവണയും
അവളുമായുള്ള കൂടി കാഴ്ചയിൽ ഒരു അപരിചിതയോട് എന്നപോലെ എന്റെ മകൻ പെരുമാറുന്നതിന്റെ പൊരുൾ ഇന്ന് അവൻ മനസിലാക്കി തന്നു ...
ഇനി ഒരിക്കലും മമ്മിയെ കാണാൻ എന്നെ കൊണ്ട് പോകരുത് എന്ന് അവൻ അപേക്ഷിച്ചു..!!
അതുകൊണ്ടായിരിക്കാം കഴിഞ്ഞ ആഴ്ചയും അവൾ വീട്ടിൽ വന്നപ്പോൾ എടുത്തടിച്ചത് പോലെ എന്തിനാ വന്നത്... എന്നെ ഉപേക്ഷിച്ചു പോയതല്ലേ എന്ന് അവളോട് ചോദിച്ചതും..!!
ഉത്തരമില്ലാതെ ഇറങ്ങി പോയപ്പോൾ തിരിച്ചറിവ് ആകാത്ത എന്റെ മകൾ ഒരു ഉമ്മ കൊടുത്തിരുന്നു അവൾക്ക്.. മനസിൽ അപ്പോൾ ഓർത്തു... ഇതും എത്ര നാൾ.. അവളും വളരുകയല്ലേ.. അവളും മനസിലാകില്ലേ... അപ്പോൾ ആ ഉമ്മകൾ കൂടി ഭാര്യയായിരുന്നവൾക്ക് അന്യമാകും...!!
എന്തൊരു ജീവിതം ആയിരിക്കും അവളുടേത്..ശരീരത്തിൽ പ്രായത്തിന്റെ വരകൾ വീഴുമ്പോൾ .... മുടിയിഴകളിൽ ഇപ്പോൾ തന്നെ കാലം അടയാളങ്ങൾ രേഖപെടുത്തി തുടങ്ങിയിരിക്കുന്നു.. ഇപ്പോൾ കൂടെയുള്ളവരും ഓടി രക്ഷപെടുമ്പോൾ.. ആരുമില്ലാതാവുമല്ലോ എന്നോർക്കുമ്പോൾ... എവിടെയോ.. ഒരു നോവ്..!!