ചിതറിയ ബാല്യം

 

#ചിതറിയ ബാല്യം# broken family#

പതിനഞ്ച് വർഷത്തെ അധ്യാപക ജീവിതത്തിൽ പലപ്പോഴും ഏറെ വേദനിപ്പിച്ച സത്യങ്ങളാണ് മാതാപിതാക്കൾ വേർപെട്ട, വേർപിരിഞ്ഞ കുട്ടികളുടെ അവസ്ഥകൾ! തല്ലും തലോടലുകളും  നേരെയാക്കാത്ത ചില ബാല്യങ്ങൾ  മുന്നിലൂടെ കടന്നു പോയിട്ടുണ്ട്..സങ്കടം തോന്നിയിട്ടുണ്ട് ഒരുപാട്...ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു ദുഖിച്ചിട്ടുണ്ട്...വീണ്ടും കണ്ട് മുട്ടിയ അവസ്ഥകൾ ഏറെ വിഷമിപ്പിച്ചിട്ടുണ്ട് !!

 വിട്ടുവിഴ്ചകൾ പലവെട്ടം .. പരിഹാസ്യങ്ങൾ.. കുറ്റപ്പെടുത്തലുകൾ.. ഒറ്റപ്പെടുത്തലുകൾ..എല്ലാം സഹിച്ചതും ക്ഷമിച്ചതും ഒരിക്കലും എന്റെ കുഞ്ഞുങ്ങൾ ബ്രോക്കൺ ഫാമിലിയുടെ ഇരകൾ ആവരുതേ എന്ന് കരുതിമാത്രം!!!

സ്വന്തം ഇഷ്ടങ്ങൾ നോക്കി എല്ലാം വിട്ടെറിഞ്ഞു പോകുമ്പോൾ ആരും ഓർക്കാറില്ല ചിതറി പോകുന്ന കുഞ്ഞുങ്ങളുടെ ബാല്യം..പരാതികളും പരിഭവങ്ങളും ആയി പടിയിറങ്ങി പോകുന്നവർ ഓർക്കാറുണ്ടോ ആ കുഞ്ഞുങ്ങളുടെ അവസ്ഥ.??

 കേവലം fb യിലെ ഒരു പ്രൊഫൈൽ പിക്ചർ ആയോ സ്മാർട്ട്‌ ഫോണിന്റെ ഡിസ്പ്ലേ പിക്ചർ ആയോ നമ്മുടെ കുഞ്ഞുങ്ങൾ ചെറുതാകുമ്പോൾ എന്താണ് നമ്മൾ നേടുന്നത്...? ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല എങ്കിലും കടമകൾ ഇല്ലേ നമ്മൾക്കും.. ജനിപ്പിച്ചവരോടും.. ജന്മം കൊടുത്തവരോടും..?? ചെയ്ത് തീർക്കാതെ മാറ്റി വെയ്ക്കുന്നതെന്തും നാളെയുടെ ബാധ്യത ആണെന്നത് ഒരു പ്രപഞ്ച സത്യം!!

ഓരോ തവണ ഫോൺ റിംഗ് ചെയുമ്പോളും ചെവിയോർക്കുന്ന ആ കുഞ്ഞ് കാതുകളിൽ...അപ്പുറത് ഉപേക്ഷിച്ചു പോയവർ അല്ലെന്ന് അറിയുമ്പോൾ.. ചുണ്ടുകൾ വിതുമ്പുന്നത്, അകകണ്ണിൽ കാണാറുണ്ടോ...ഓർക്കാറുണ്ടോ..പടിയിറങ്ങി പോയവർ..!!

നഷ്ടങ്ങൾ എപ്പോഴും കുഞ്ഞുങ്ങൾക്ക് മാത്രം..!! അവരുടെ പുഞ്ചിരികൾ..അച്ഛൻ വഴക്കിടുമ്പോൾ അമ്മ കൂടെ നിൽക്കും എന്ന വലിയ വിശ്വാസങ്ങൾ... എന്തിനും ഏതിനും അമ്മയെ കൊണ്ട് സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങൾ...വൈകിട്ട് ഉണ്ടാക്കി കൊടുക്കുന്ന പലഹാരങ്ങൾ... മടിയിൽ കിടത്തി പറഞ്ഞുകൊടുക്കുന്ന കഥകൾ.. ഉറക്കം വരാതെ കിടക്കുമ്പോൾ ചേർത്ത് കിടത്തി തലോടുന്ന വിരലുകൾ... അങ്ങനെ നഷ്ടങ്ങൾ മാത്രം... ചെറുത് എന്ന് നാം കരുതുന്ന അവരുടെ വലിയ നഷ്ടങ്ങൾ!!

പിന്നിലേയ്ക്ക് നോക്കുമ്പോൾ കാലം മായ്ക്കാത്ത ചില ബാല്യകാല ചിത്രങ്ങൾ നമ്മൾക്കും ഉണ്ടാവില്ലേ ..? നാം ഒരുപാട് ഇഷ്ടപെടുന്ന ചില ഓർമ്മകൾ!! നമ്മുടെ അമ്മയും അച്ഛനും നമ്മെ ചേർത്ത് നിർത്തിയ നിറമുള്ള സ്വപ്നങ്ങൾ...!!

ഇവയൊക്കെ നഷ്ടപ്പെടുത്തി നാം നേടുന്നതെല്ലാം നേട്ടങ്ങൾ ആണോ...? സ്വന്തം കുഞ്ഞുങ്ങളെ ചേർത്ത് കിടന്നുറങ്ങുമ്പോൾ നാം അനുഭവിക്കുന്ന സ്വസ്ഥത, പുതിയ മേച്ചിൽ പുറങ്ങൾ തേടി നടക്കുന്നവർക്ക് ലഭിക്കുമോ?? ഇന്നിനെ കുറിച്ച് മാത്രം ചിന്തിക്കുന്നവർ നാളെകൾ കുഞ്ഞുങ്ങളുടെ മാത്രം ആവുമെന്ന് മറന്നു കളയുന്നു...!  ഇന്നിന്റെ  തുടിപ്പും സൗന്ദര്യവും എന്നും കൂടെ ഉണ്ടാവും എന്ന് അന്ധമായി വിശ്വസിക്കുന്നവർ നാളെ ആർക്കും വേണ്ടാത്ത ഒരു ദിനം കൂടി കാത്തിരിക്കുന്നു എന്ന് ഓർക്കുക... ഓർമ്മിപ്പി ക്കുവാൻ ഞാൻ ആരെന്ന് ചോദിക്കാം..അഞ്ച് മാസമായി അമ്മ ഉപേക്ഷിച്ചു പോയ കുഞ്ഞുങ്ങളുടെ കൂടെ നിഴൽ ആയി നടക്കുന്നവൻ!!
തിരിച്ചു വരവ് നഗരത്തിന്റെ സുഖങ്ങൾ നഷ്ടപ്പെടുത്തും എന്ന് അറിയാം.. ആഗ്രഹിക്കുന്നില്ല..!! എവിടെയാണെങ്കിലും സുഖമായി ഉറങ്ങാൻ സാധിക്കട്ടെ... കുറ്റബോധം തെല്ലുമില്ലാതെ.. ശാന്തമായി.. സ്വസ്ഥമായി..!!

മരിക്കാൻ എനിക്ക് മനസില്ല.. കൂടെയുണ്ടാവും.. അമ്മ ഉപേക്ഷിച്ചു പോയ മക്കൾക്ക്...  ദൈവം, ആ കുഞ്ഞുങ്ങളുടെ അച്ഛനെ ക്യാൻസറിന് വിട്ടുകൊടുക്കാതെ ബാക്കി വെക്കുമെന്ന് വിശ്വസിച്ചുകൊണ്ട് ...
#cancer fighter#

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)