എന്താടോ നന്നാവാത്തത്..!!
പത്തു വർഷങ്ങൾക്ക് മുൻപ് പിടിച്ചിറക്കിയ കൈകൾ തട്ടിമാറ്റി 2020 സെപ്റ്റംബർ 10 ന് പടിയിറങ്ങി പോയപ്പോൾ ചങ്ക് പിടഞ്ഞിരുന്നു .. എന്നിട്ടും പുറത്ത് കാട്ടിയില്ല.. പൊയ്ക്കോട്ടേ.. അതാണ് ഇഷ്ടമെങ്കിൽ.. സ്നേഹിക്കുന്നവരുടെ സന്തോഷം അല്ലേ വലുത് എന്ന് കരുതി വിലക്കിയില്ല.. പക്ഷേ നോക്കി നിന്നു.. കണ്ണിൽ നിന്ന് മറയുന്നത് വരെ..!!
പിന്നീട് അങ്ങോട്ട് സങ്കടങ്ങളുടെ പെരുമഴയായിരുന്നു . എന്നും ആറ് മണിയാവുമ്പോൾ എന്താ മമ്മി വൈകുന്നത് എന്ന് ചോദിച്ചു കാത്തുനിൽക്കുന്ന ആ രണ്ട് കുരുന്നുകൾ... ഉത്തരം ഇല്ലാത്തത് കൊണ്ട് അകാരണമായി ദേഷ്യം ഭാവിക്കുന്ന ഒരു അച്ഛനായി അഭിനയിച്ചു...!!
മകളായിരുന്നു നോവ്.. അവളുടെ ചോദ്യങ്ങൾ ആയിരുന്നു ഭയം.. ഉത്തരമില്ലായിരുന്നു ഒന്നിനും... പഠിപ്പിച്ചു കൊടുത്ത പാട്ടുകൾ എല്ലാം പഠിച്ചു..വീണ്ടും പുതിയതിനായി ആവശ്യപെടുന്ന മക്കൾ...! ഒരുപാട് കഴിവുകൾ ഉള്ള രണ്ട് കുരുന്നുകൾ.. അവരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും നടത്തി കൊടുക്കാതെ, എന്തൊക്കെ നേടിയാലും അതൊരു നേട്ടമാണോ...? എപ്പോഴാ തിരിച്ചറിയുക!! അറിയാം...ആർക്കും ആരും
പകരമാവാൻ പറ്റില്ലെന്ന് ..!!
കുറച്ച് കഴിയുമ്പോൾ മാറും, പിള്ളേരെയും എന്നെയും ഓർക്കുമ്പോൾ എല്ലാം മതിയാക്കി തിരിച്ചു വരുമെന്ന് കരുതി.. കാത്തിരുന്നു.. എന്നാൽ ഇറങ്ങിപ്പോയത് നഷ്ടപെട്ട കാമുകനെ തിരിച്ചു കിട്ടിയത് കൊണ്ടാണെന്ന് അറിയാൻ 2021 ജനുവരി ആറാം തിയതി ആവേണ്ടി വന്നു..!!
ഒരുപാട് മാറിയിരുന്നു... മറന്നിരുന്നു മക്കളെയും .. ഒരിക്കലും ഇനി തിരിച്ചു വരാൻ സാധിക്കാത്ത വിധം അകന്നിരുന്നു .. ഓർക്കുമ്പോൾ സങ്കടം ഉണ്ട്..!! എവിടെയാണെങ്കിലും സന്തോഷത്തോടെ ജീവിച്ചാൽ മാത്രം മതി.. കുറ്റബോധം ഇല്ലാതെ.. നശിച്ചു പോകാതെ..! അത്ര ഇഷ്ടമായിരുന്നു!!
ചിലപ്പോഴൊക്കെ തോന്നും നഷ്ടങ്ങൾ എനിക്ക് മാത്രമെന്നു... അല്ല എന്റെ മക്കൾക്കുമെന്ന് ..!
എന്നാൽ ഇതിലും വലിയ നഷ്ടം പോയവർക്കും ഇല്ലേ..?
ഹോസ്റ്റൽ മുറിയിൽ നിന്ന് ജോലി സ്ഥലത്തേയ്ക്കും അവിടെനിന്നും തിരിച്ചും ഓടുന്ന യാന്ത്രികതയ്ക്ക് മടുപ്പില്ലേ..?എന്നും ഒരേപോലെയുള്ള ജീവിതം വിരസതയല്ലേ..? കുഞ്ഞുങ്ങളെ കാണാതെ, അവരെ കെട്ടിപിടിക്കാതെ എങ്ങനെയാണ് ഉറങ്ങുക ..?അവരെ കാണണം എന്നും ശബ്ദം കേൾക്കണമെന്നും തോന്നില്ലേ .?
കൂടെ താമസിക്കുന്നവർ അവധി ദിവസങ്ങളിൽ സ്വന്തം വീട്ടിൽ പോകുമ്പോൾ എങ്ങും പോകാനില്ലാതെ ഇരിക്കേണ്ടി വരില്ലേ..? അടുക്കളയിൽ കയറി ഇഷ്ടമുള്ള ആഹാരം പാകം ചെയ്ത് കഴിക്കാൻ തോന്നില്ലേ..?
ഞാനും മക്കളുമായി അനുഭവിച്ച കുറച്ച് നല്ല നിമിഷങ്ങൾ എങ്കിലും ഉണ്ടാവില്ലേ ഓർമ്മയിൽ.. പൊടിതട്ടിയെടുക്കാൻ..!!
ഇതൊക്കെ ഒരു നഷ്ടമായി മാറില്ലേ ..? അറിയില്ല!!
രാത്രിയുള്ള സഞ്ചാരം മടുക്കില്ലേ..? യാത്രകൾ ഒരു നോവാവില്ലേ? എത്ര വിലകൂടിയ കിടക്കയിൽ കിടന്നാലും ഉറക്കം വരാതെ കിടക്കാറില്ലേ..?? കൂടെ ഉള്ളവർക്ക് എപ്പോഴും ഒപ്പം ഉണ്ടാവാൻ സാധിക്കുമോ..? അവർക്കും ഉണ്ടാവില്ലേ കടപ്പാടുകൾ.. ഭാര്യയോടും മക്കളോടും അമ്മയോടും, കുടുബത്തോടും .??
എങ്ങനെയാണ് ഇത്ര വേഗം ഒഴിവാക്കാൻ പറ്റുന്നത്..? അത്രേ ഉണ്ടായിരുന്നോ അടുപ്പം..? അത്ര ചെറുതായിരുന്നോ മനസ് ?...ഉള്ളിന്റെ ഉള്ളിലെ ചോദ്യം..! ഉത്തരം വേണ്ട.. ചോദ്യം അവിടെ കിടക്കട്ടെ.. കാലത്തിനോട് മറുപടി കൊടുത്താൽ മതി, പിന്നീട്..!!
ലോകത്ത് ആദ്യമായിട്ടല്ല അമ്മ മക്കളെ ഉപേക്ഷിച്ചു പോകുന്നത് എന്നറിയാം .. പക്ഷേ പോയവർക്ക് മക്കൾ ഒരു നോവായിരിക്കില്ലേ..? അങ്ങനെയാണെങ്കിൽ എന്തിനാ ഉപേക്ഷിച്ചു പോയതെന്നും ഓർക്കാം.. ഇതൊന്നുമല്ല..കുഞ്ഞുങ്ങൾ ഒന്നുമല്ല എന്നുകരുതി പോകുന്നവരും ഉണ്ടാവാം...!! എവിടെ വരെ എത്തി അവരുടെ സന്തോഷം... സുഖങ്ങൾ..നേട്ടങ്ങൾ ??
എത്രയോ പേരുണ്ട് അങ്ങനെ പോയിട്ട് ചതിക്കപ്പെട്ട് , ഉറങ്ങാതെ, കരഞ്ഞു കരഞ്ഞു
നൊന്ത് ജീവിക്കുന്നവർ ..!! അതിലേക്ക് ഒരു പുതിയ ഒരാൾ കൂടി..!!